Monday 9 November 2020

മലയാള ഭാഷാ വാരാചരണം ആറാം ദിവസം


ഒറ്റപ്പാലം എൻ.എസ്‌.എസ്‌. ട്രെയിനിംഗ് കോളേജിലെ ഭാഷാവേദിയുടെയും കോളേജ് യൂണിയൻ്റെയും ഫിസിക്കൽ സയൻസ് വിഭാഗത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മലയാളഭാഷാവാരാചരണത്തോടനുബന്ധിച്ച് 'നവകൈരളി' എന്ന പരിപാടി സംഘടിപ്പിച്ചു. 2020 നവംബർ 9, തിങ്കൾ, രാവിലെ 10 മണിയ്ക്ക് ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി നടത്തിയത്. കോവിഡ് അനന്തര വെല്ലുവിളികളെ നേരിട്ട് നാം നിർമ്മിക്കേണ്ട നവകൈരളിയെ ആസ്പദമാക്കിയായിരുന്നു പരിപാടി. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ശിൽപ സ്വാഗതപ്രസംഗം നടത്തി. സുമിഷയാണ് പ്രാർത്ഥന ചൊല്ലിയത്. പിന്നീട്, ഫിസിക്കൽ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകവിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആതിര അവതരിപ്പിച്ച ആമുഖ ഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെ ഒരു ഭാഗമായ ആദിവാസി ജനവിഭാഗത്തിൻ്റെ സവിശേഷതകൾ വീഡിയോ പ്രദർശനത്തിലൂടെ അബീനയും സുകന്യയും ഭംഗിയായി വിവരിച്ചു. തുടർന്ന്, ലിസ്ന രാമായണപാരായണം നടത്തി .വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കേരളത്തിൻ്റെ സവിശേഷമായ വള്ളംകളിയെ കുറിച്ച് ആര്യ സംസാരിച്ചു. വള്ളംകളിയെ സംബന്ധിച്ച വീഡിയോ പ്രദർശനവും നടത്തി. ആകർഷ, രേഷ്മ, സുമിഷ എന്നിവർ 'അമ്മ മലയാളം' എന്ന പേരിൽ മനോഹരമായ സെമി ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചു. ഭൂപ്രദേശസൂചിക പദവി ലഭിച്ചതിലൂടെ ലോക ശ്രദ്ധ നേടാൻ കഴിഞ്ഞ കേരളത്തിലെ ഉത്പന്നങ്ങളെ കുറിച്ച് ആതിര വീഡിയോ പ്രദർശനത്തിലൂടെ വിവരിച്ചു. അതിന് ശേഷം, മലയാളത്തിൻ്റെ പ്രിയകവി ശ്രീ.ഒ.എൻ.വി.കുറുപ്പിൻ്റെ 'മലയാളം' എന്ന കവിത സുജാത അവതരിപ്പിച്ചു. തൃശ്ശൂർ, കോട്ടയം, കോഴിക്കോട്, വള്ളുവനാട് എന്നീ പ്രദേശങ്ങളിലെ ഭാഷാവൈവിധ്യങ്ങൾ ഒരു ഫോൺ കോൾ സംഭാഷണ രീതിയിലൂടെ അഞ്ജലി, സാന്ദ്ര, അഖില, രേഷ്മ എന്നിവർ അവതരിപ്പിച്ചു. മലയാള ഭാഷാശൈലികളുടെ തനിമയും തന്മയത്വവും വിളിച്ചോതിയ പ്രകടനമായിരുന്നു അത്. റാംസർ ഉടമ്പടിയിൽ ഉൾപ്പെടുന്ന കേരളത്തിലെ തണ്ണീർത്തട പ്രദേശങ്ങളെ കുറിച്ച് മഞ്ജുഷ വീഡിയോ പ്രദർശനം നടത്തി. മലയാള നാടിൻ്റെ ദൃശ്യഭംഗിയും മലയാളിയുടെ ഒത്തൊരുമയും കോർത്തിണക്കികൊണ്ട് സാന്ദ്ര പാടിയ 'എൻ്റെ കേരളം' എന്ന കവിത പരിപാടിയ്ക്ക് പൂർണ്ണത നൽകി. കലാപരിപാടികൾക്ക്‌ ശേഷം അബീന നന്ദി പറഞ്ഞു. നവനീത് കൃഷ്ണൻ്റെ സാങ്കേതിക സഹായം പരിപാടിയെ മികവുറ്റതാക്കി. വിസ്മയയായിരുന്നു പരിപാടിയുടെ അവതാരക. കേരളത്തിൻ്റെ ദൃശ്യഭംഗിയും ഭാഷാവൈവിധ്യങ്ങളും സാംസ്കാരികപൈതൃകവും വളരെ ഹൃദ്യമായി അവതരിപ്പിക്കാനും നവകൈരളി നിർമ്മിക്കേണ്ടത്തിൻ്റെ ആവശ്യകത മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനും ഈ പരിപാടി സഹായകമായി.